2010 ജൂലൈ 11, ഞായറാഴ്‌ച

എന്റെ ജീവിതം - അനുഭവങ്ങള്‍ അഥവാ പാളിച്ചകള്‍....

1984. ഡിസംബര്‍ മാസത്തിലെ തണുത്തുറഞ്ഞ പ്രഭാതം. കോഴിക്കോട് PVS ഹോസ്പിടലിന്റെ രണ്ടാമത്തെ നിലയിലെ ഇടനാഴിയില്‍ എന്റെ കരച്ചില്‍ മുഴങ്ങിക്കാണും. ആരെയും ബുദ്ധിമുട്ടിക്കണം എന്ന് ഞാന്‍ വിചാരിച്ചതല്ല.. പക്ഷെ സംഭവിച്ചു പോയി.. സുന്ദരമായ നിശബ്ദതയെ കീറിമുറിച്ചു കൊണ്ട് എന്റെ ശബ്ദം വായുവിലലിഞ്ഞു..

കാരന്തൂര്‍ അന്ന് സുന്ദരമായ ഒരു കുഗ്രാമമായിരുന്നു. സിമെന്റും കല്ലും അധികാരം സ്ഥാപിക്കാത്ത കുറെ ഭൂമി അന്ന് കാരന്തൂരിനു സ്വന്തമായുണ്ടായിരുന്നു. കാലം കുറെ കഴിഞ്ഞു.. വയലും പച്ചപ്പും കെട്ടിടങ്ങളായി മാറി. ഓരോ വീടിനും മണല്‍പ്പരപ്പില്‍ വീണുരുകിയ വിയര്‍പ്പിന്റെ കഥ പറയാനുണ്ടായിരുന്നു.. കുടുംബത്തെ ഇവിടെയുപെക്ഷിച്ചു അറബി നാട്ടില്‍ പോയി വിയര്‍പ്പൊഴുക്കുന്ന മലയാളികളോട് എനിക്ക് ബഹുമാനമാണ്. അത് കൊണ്ട് പറമ്പുകള്‍ വീടുകളാക്കി മാറ്റുന്ന കാര്യത്തില്‍ ഞാന്‍ തല്‍ക്കാലം എന്റെ പ്രകൃതി സ്നേഹം മാറ്റി വെക്കട്ടെ.

എന്റെ വീടിന്റെ ഒരു വശം പുഴയും മറ്റൊരു വശം തോടുമായിരുന്നു. പുഴയുടെ ഭീകരമായ ഭംഗിയോട് എനിക്കുള്ള ആവേശം ഉമ്മയുടെ നെഞ്ഞിടിപ്പ്‌ കൂട്ടി. അഞ്ചോ ആറോ വയസ്സാവുമ്പോഴേക്കും ഞാന ഭീഗരതയിലെക്കെടുത്തു ചാടിയിരുന്നു... അധികം വൈകാതെ പൂനൂര്‍ പുഴ (അതായിരുന്നു പുഴയുടെ പേര്) എന്റെ ജീവിതത്തിന്റെ ഭാഗമായി മാറി. കൂട്ടുകാരോടൊത്ത് പുഴയുടെ ആഴങ്ങളിലൂടെ നീന്തിത്തുടിക്കുക ആവേശമായി മാറി. റിയാസ് എന്ന ഒരു സുഹൃത്തായിരുന്നു കവിഞ്ഞൊഴുകുന്ന പുഴയുടെ മാറിലൂടെ സാഹസിക യാത്രകള്‍ നടത്താന്‍ എനിക്കീന്നും കൂട്ടായുണ്ടായിരുന്നത്. അവന്‍ ഇപ്പോള്‍ ഗള്‍ഫ്‌ രാജ്യങ്ങളിലെവിടെയോ ആണ്.

പ്രകൃതി വിഭവങ്ങളായിരുന്നു എന്റെ സുഹൃത്തുക്കള്‍. എന്റെ പ്രിയപ്പെട്ട കുറെ മരങ്ങള്‍ ഉണ്ടായിരുന്നു. അവയുടെ ചില്ലകളില്‍ കയറി വിശ്രമിക്കാനായിരുന്നു ഞാന്‍ തനിച്ചുള്ള സായാഹ്നങ്ങള്‍ ചെലവിട്ടത്.
മൂന്നു പേര മരവും ഒരു കശുമാവുമായിരുന്നു അതില്‍ പ്രധാനികള്‍. മൂന്നു പേരക്കയില്‍ ഒന്ന് പുഴയോട് ചേര്‍ന്ന്, ചില്ലകള്‍ പുഴയിലേക്ക് നീട്ടിപ്പിടിച്ചു നിന്നു. മറ്റൊന്ന് കിണറ്റിന്‍ കരയിലും വേറൊന്നു തോടിന്റെ വക്കിലുമായിരുന്നു. ഇതില്‍ തോടിന്റെ വക്കിലുള്ളതായിരുന്നു ഏറ്റവും ഉയരം കൂടിയത്. അതിന്റെ മുകളില്‍ കയറിയെത്തുമ്പോള്‍ മനസ്സില്‍ വല്ലാത്ത സന്തോഷമായിരുന്നു. ഞാനും ചേട്ടനും കൂടി കശുമാവിന്റെ മുകളില്‍ ഒരു ഊക്കന്‍ ഊഞ്ഞാല് കെട്ടിയത് ഞാനോര്‍ക്കുന്നു. ചേട്ടനായിരുന്നു എന്നെ മരം കയറ്റം പഠിപ്പിച്ചത്. പക്ഷെ പിന്നീട് ഈ മരം കയറ്റം എനിക്ക് ഒരുന്മാദമായി മാറുകയായിരുന്നു.
എന്റെ പ്രിയപ്പെട്ട മരങ്ങളുടെ കടക്കല്‍ മഴു പതിച്ച ദിവസങ്ങള്‍ ഭീകരമായ ഓര്‍മ്മകള്‍ പോലെ മനസ്സിന്റെ ഏതോ കോണില്‍ ഇന്നുമുണ്ട്.

1 അഭിപ്രായം: