ഞാന്‍ അന്നും ഇന്നും കാല്‍പനിക ലോകത്ത് ജീവിക്കുന്ന/ജീവിക്കാനാഗ്രഹിക്കുന്ന ഒരു മനുഷ്യനാണ്. അത് കൊണ്ടായിരിക്കാം, ഏതൊരു ഘട്ടത്തിലും തിരിഞ്ഞു നോക്കുമ്പോള്‍ മാത്രമേ എനിക്ക് ജീവിതത്തിന്റെ സൌന്ദര്യം കാണുവാന്‍ സാധിച്ചിട്ടുള്ളൂ. ഈയൊരു നിമിഷത്തില്‍ പോലും, ഞാന്‍ തിരിച്ചു പോവാനാഗ്രഹിക്കുന്നു. എന്നെ ഞാന്‍ കാണുവാനാഗ്രഹിക്കുന്നത്, എന്റെ പഴയ വീടിന്റെ അടുക്കളയില്‍ തല ഒരു വശത്തേക്ക് ചരിച്ചു പിടിച്ചു, കെടാന്‍ പോകുന്ന അടുപ്പിലേക്ക് അസഹ്യതയോടെ ഊതിക്കൊണ്ടിരിക്കുന്ന ഉമ്മയുടെ ചാര നിറമുള്ള മാക്സിയുടെ അറ്റത് പിടിച്ചു വലിച്ചു "വിശക്കുന്നു" എന്ന് മുകളിലേക്ക് നോക്കി വിതുമ്പുന്ന മൂന്നോ നാലോ വയസ്സുള്ള കുഞ്ഞായിട്ടാണ്. അവനെ എനിക്ക് കാണാം. അടുക്കളയുടെ രണ്ടു ചുവരുകളില്‍ പകുതിക്ക് മുകളിലായി, കവുങ്ങിന്‍ ചീന്തുകള്‍ വിലങ്ങനെ പാകിയത്, കരി പുരണ്ടു ഇരുണ്ട് പഴകിക്കിടന്നു. അവയില്‍ ചുവരില്‍ നിന്നുള്ള ചിലന്തിവലകള്‍ പുകയേറ്റു കരിഞ്ഞു വീണു തൂങ്ങിക്കിടക്കുന്നു. ഉമ്മ ചിലപ്പോള്‍ അമ്മിയില്‍ തേങ്ങ അരച്ചുകൊണ്ടിരിക്കുകയാവും. അല്ലെങ്കില്‍ ചിരവ നിലത്തു വെച്ച് അതിന്റെ പലകയില്‍ കയറിയിരുന്നു തേങ്ങ ചിരണ്ടുകയാവും. അപ്പോള്‍ ഞാന്‍ ഓടി ഇപ്പോള്‍ പിറകില്‍ പലകയില്‍ കയറിയിരിക്കും. അതെനിക്കിഷ്ടമായിരുന്നു. അല്ലെങ്കില്‍ ചിലപ്പോള്‍ പാത്രത്തില്‍ കയ്യിട്ടു തേങ്ങ എടുത്തു തിന്നാന്‍ ശ്രമിക്കും. അപ്പോള്‍ ചിലപ്പോള്‍ ഉമ്മ ദേഷ്യത്തോടെ കയ്യില്‍ പിടിക്കും.
തട്ടിന് മുകളിലെ അത്ഭുത ലോകം.
കുഞ്ഞു പുല്‍നാമ്പുകള്‍ വളര്‍ന്ന വീതിയുള്ള ഒരു മുറ്റം ഉണ്ടായിരുന്നു പഴയ ആ വലിയ വീടിനു. കോലായില്‍ ഇടതു വശത്തായി ഒരു വലിയ തിണ്ണയുണ്ട്. അതില്‍ എപ്പോഴും നല്ല തണുപ്പായിരിക്കും. അത് കൊണ്ട് അതിനു മുകളില്‍ കയറിക്കിടക്കാന്‍ നല്ല സുഖമാണ്. കോലായില്‍ നിന്നും അകത്തേക്ക് കയറാന്‍ ഒരു ഭീമന്‍ വാതിലുണ്ട്. അത് തള്ളി തുറക്കുമ്പോള്‍തന്നെ വലിയ ശബ്ദമായിരിക്കും. ഉള്ളിലേക്ക് കയറിയാല്‍ വെളിച്ചം തീരെ കയറാത്ത ഒരു അന്തരീക്ഷമാണ്. അത് കഴിഞ്ഞു ഒരു വലിയ നടുവകതെക്ക് കയറാം. അതിന്റെ വലതു വശത്തായി ഒരു ഒരു മൂലയില്‍ മുകളിലേക്ക് കയറാനുള്ള കോണി. വീണ്ടും ഒരു വലിയ വാതില്‍. ഈ വാതിലുകള്‍ ഇന്ന് കാനുന്നവയെപ്പോലെ അല്ല. വണ്ണമുള്ള രണ്ടു പൊളി ആണ്. സാക്ഷയും അരമയും ഒക്കെ ഉണ്ടാവും. പിന്നെ വാതിലിന്റെ മുകളില്‍ ചെറിയ സാധനങ്ങള്‍ സൂക്ഷിക്കാന്‍ പാകത്തില്‍ ഒരു കൊച്ചു അറയും ഉണ്ടാവും. ഈ വാതില്‍ കഴിഞ്ഞു ഒരു വലിയ താഴ്ചയാണ് (കുഞ്ഞായത് കൊണ്ടാവാം എനിക്കിതൊരു വലിയ താഴ്ച ആയത്).ഇറങ്ങിയാല്‍ വീതി കുറഞ്ഞ നീളമുള്ള മറ്റൊരു അകം. ഇത് അടുക്കളയോട് ചേര്‍ന്നാണ്. അവിടെ ഒരു വശത്ത് ഒരു മരത്തിന്റെ സോഫ ഉണ്ട്. വീട്ടില്‍ ടീവി കൊണ്ട് വന്നപ്പോള്‍ വെച്ചത് ഈ റൂമിന്റെ ഒരു അറ്റത്താണ്.
വീടിന്റെ രണ്ടാമത്തെ നില താമസിക്കാനുള്ളതല്ല. അട്ടം എന്ന് പറയും. അഴയ ആക്രി സാധനങ്ങള്‍ നിറച്ചു വെച്ചിട്ടുണ്ട്. അത്ര മാത്രം. മുകളിലേക്ക് കയറാനുള്ള കോണി എനിക്കെന്നും ദുരൂഹതയുടെ ഒരു മേഖലയായിരുന്നു. കോണിക്ക് മുകളിലുള്ള രാജ്യം എനിക്ക് ഒരു അത്ഭുത ലോകമായി.ആകാംക്ഷയും പേടിയും ചേര്‍ന്ന ഇടംകണ്ണ് നോട്ടങ്ങളിലൂടെ ഞാനത് വീക്ഷിച്ചു പോന്നു. ഇതിനു കാരണമുണ്ട്. മുകളിലേക്ക് കയറാനുള്ള അനുവാദം കാരണ വിശദീകരണങ്ങളില്ലാതെ നിഷേധിക്കപ്പെട്ടതായിരുന്നു. വിലക്കപ്പെട്ട കോണി കയറാനുള്ള ഉദ്യമങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വേണ്ടി കുറെ കാരണങ്ങള്‍ കൂടി എന്റെ തലയില്‍ കുത്തി നിറച്ചു.. അതില്‍ പ്രേതം, ഭൂതം, ചെകുത്താന്‍ എന്നീ കഥാപാത്രങ്ങള്‍ കൂടി ഇടം നേടി. ഇങ്ങനെയൊക്കെ ആണെങ്കില്‍ കൂടി ഉമ്മ മുകളില്‍ കയറിപ്പോകുന്ന സമയത്ത് കൂടെ കയറിപ്പോകാന്‍ എനിക്ക് അനുവാദമുണ്ടായിരുന്നു. ഉമ്മയുടെ കൈ മുറിക്കെ പിടിച്ചു വളരെ പേടിയോടെ പതുങ്ങി പതുങ്ങി ഞാന്‍ അങ്ങനെ നടക്കും. അങ്ങനെ ആകാംക്ഷ അടക്കി വെക്കാന്‍ കഴിയാതെ, ആരും വീട്ടില്‍ ഇല്ലാത്ത ഒരു ദിവസം ഞാന്‍ എന്റെ ഉദ്യമം നടപ്പിലാക്കി. മരത്തിന്റെ പടികള്‍ കയറുമ്പോള്‍ ഒരു വലിയ ശബ്ദമാണ്. പടികള്‍ കഴിഞ്ഞു തട്ടിന് മുകളിലേക്ക് കയറുന്നിടത്ത് ഒരു വാതിലുണ്ടോ? ഞാന്‍ ഓര്‍ക്കുന്നില്ല. അവസാനത്തെ പടിക്ക് മുകളിലൂടെ പതുക്കെ എത്തി നോക്കി. ഇരുണ്ട അന്തരീക്ഷത്തില്‍ ചെറിയ സുഷിരങ്ങളിലൂടെ വെളിച്ചം അകത്തു കടക്കുന്നുണ്ട്. ആ വിളറിയ വെളിച്ചത്തില്‍ മച്ചില്‍ നിന്നു തൂങ്ങിക്കിടക്കുന്ന ചിലന്തി വലകളും അകത്തെ പൊടിപടലങ്ങളും പാതി തെളിഞ്ഞു നിന്നു. ആകെ ഒരു ഭീതിയുണര്‍ത്തുന്ന അന്തരീക്ഷം. ഞാന്‍ പടി കയറി മുകളിലെത്തിയെങ്കിലും, എനിക്ക് ചെകുത്താനെ പേടിയില്ല എന്ന് വിശ്വസിക്കരുത്. എന്റെ കുഞ്ഞു കാല്‍മുട്ടുകള്‍ വിറക്കുന്നുണ്ടായിരുന്നു. ഇറങ്ങിപ്പോരന്‍ തോന്നി. പക്ഷെ രണ്ടും കല്‍പ്പിച്ചു അതിനു മുകളിലേക്ക് കയറി. നിലത്തു നിറയെ പൊടിയായിരുന്നു. മച്ചിന്റെ ഒരു വശത്ത് ഭയപ്പെടുത്തുന്ന ഇരുട്ടാണ്. മറ്റൊരു വശത്ത് ഓടു പൊട്ടി വെളിച്ചം ഉള്ളിലേക്ക് കയറുന്നുണ്ട്. ആ ഭാഗം ലക്ഷ്യമാക്കി പതുക്കെ കാലടികള്‍ മുന്നോട്ടു വെച്ചു. ഒരു നിമിഷം.. അതാ അവന്‍! ചെകുത്താന്‍!.. അവന്റെ ശരീരം പാതിയെ ഉള്ളു. അവന്‍ ഒരു കഴുക്കൊലിന്റെ മുകളില്‍ തൂങ്ങിക്കിടന്നു എന്നെ നോക്കി ദ്രംഷ്ട്രകള്‍ കാട്ടിചിരിക്കുന്നു. ആറു വയസ്സുകാരന്റെ നെഞ്ചില്‍ കൊള്ളിയാന്‍ മിന്നി. കാലുകള്‍ നിലത്തു ഉറച്ചു പോയ പോലെ. ശരീരം വിയര്‍ക്കുന്നു. റബ്ബേ എന്റെ കാര്യം തീര്‍ന്നത് തന്നെ. ഒന്ന് രണ്ടു നിമിഷങ്ങള്‍ കടന്നു പോയി. ഒന്ന് കൂടി നോക്കി. ഇല്ല അത് അനങ്ങുന്നില്ല. ഇനി അതൊരു പഴയ കുപ്പായം തൂങ്ങിക്കിടക്കുന്നതാണോ? അല്ല.. പക്ഷെ ആണോ? ഓ അതെ അതൊരു പഴയ കുപ്പായം തന്നെ. സന്തോഷമായി. എന്തായാലും ഇനിയും ഇവിടെ തങ്ങി നില്‍ക്കുന്നത് ശരിയല്ല, ഞാന്‍ കരുതി. പിന്തിരിയാനൊരുങ്ങി. പെട്ടെന്നൊരു ശബ്ദം.ഒരു ചിറകടി ശബ്ദം. ഒരു അനക്കവും. ഞാന്‍ തിരിഞ്ഞു നോക്കാന്‍ നില്‍ക്കാതെ ശരം വിട്ടത് പോലെ ഓടി. ഓടിയോടി മുറ്റത്തിറങ്ങി വെളിച്ചം കണ്ടതിനു ശേഷമേ നിന്നുള്ളൂ.
അങ്ങനെ തട്ടിന് മുകളില്‍ കയറാനുള്ള ഒരു വലിയ അഭിലാഷം ഞാന്‍ അന്ന് പൂര്‍ത്തിയാക്കി.