2011 ഡിസംബർ 5, തിങ്കളാഴ്‌ച

എന്റെ ജീവിതം - അനുഭവങ്ങള്‍ അഥവാ പാളിച്ചകള്‍.

  യാത്രകള്‍.. ദൂരം ഒരു പാടില്ലെങ്കിലും മനസ്സ് ഒരു പാട് സഞ്ചരിക്കാറുണ്ട്‌. തൊട്ടു മുന്നില്‍ ജീവിതങ്ങള്‍ പുറകോട്ടു പായുമ്പോള്‍ മനസ്സ് മുന്നോട്ടു കുതിക്കും. അസ്തമയ സൂര്യന്റെ ശോഭയില്‍ ചുവന്നു നില്‍ക്കുന്ന നെല്‍പാടവും വൃക്ഷങ്ങളും കണ്ണിനു അമൃതാവും. വിദൂരമായ ഏതോ യൂറോപ്യന്‍  സ്വപ്നങ്ങളുടെ ആലസ്യത്തില്‍ മുഴുകി അങ്ങനെയിരിക്കും. ട്രെയിനിന്റെ ജാലകത്തിലൂടെ ഒരു പാട് ദൂരേക്ക്‌ കണ്ണും നട്ട് മനോരജ്യങ്ങളിലൂടെ.. അതാണ്‌ യാത്രകള്‍. അങ്ങനെയാനിഷ്ടം. ഉണ്ടായതെല്ലാം മൂന്നു മെട്രോകളിലൂടെയുള്ള ത്രികോണ പരിക്രമണമായിരുന്നു. അതിനാല്‍ ദക്ഷിണേന്ത്യയുടെ സ്വഭാവ, ഗുണ, വിശേഷങ്ങള്‍ മുഴുവനായും അറിയാന്‍ സാധിച്ചിട്ടില്ല.

ഓരോ കാലഘട്ടത്തിലും ഓരോ ജീവിതങ്ങള്‍. ഓരോ പശ്ചാത്തലങ്ങള്‍. എല്ലാം പിന്നീട് ഓര്‍മകളുടെ പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിയപ്പെടും. വേദനിപ്പിച്ച ഭൂതകാലം പിന്നീട് മനസ്സില്‍ പുഞ്ചിരി നല്‍ക്കുന്ന നനുത്ത ഓര്‍മകളായി ഉയിര്ത്തെഴുന്നെല്‍ക്കുന്നു. 2010 മെയ്‌ -ല്‍ തോളില്‍ ഒരൂക്കന്‍ ബാഗുമായി കൊച്ചിയോടു വിട പറഞ്ഞിറങ്ങുമ്പോള്‍ ഹൃദയം പറിച്ചെടുക്കുന്ന വേദനയായിരുന്നു. അസ്തമയ സൂര്യനെ കാണാത്ത, ഏതോ രാജ്യത്തിലേക്കുള്ള യാത്ര.

  കൊയിമ്പത്തൂര്‍ - ബാംഗ്ലൂര്‍ NH ലൂടെ അതി വേഗത്തില്‍ ചീറിപ്പായുന്ന വാഹനങ്ങള്‍. മയക്കത്തില്‍  നിന്നുണര്‍ന്ന ഏതോ നിമിഷം, സൂചിമുന പോലെ തണുത്ത കാറ്റ്  മുഖത്തേക്കടിച്ചു. തണുപ്പ് നിറഞ്ഞ മറ്റേതോ ഒരു ജീവിതധ്യായത്തിന്റെ തുടക്കം അങ്ങനെ. നേരം വെളുത്തപ്പോള്‍ കണ്ട കാഴ്ചകള്‍ വിസ്മയിപ്പിക്കുന്നതായിരുന്നു. മഹാ നഗരത്തിലേക്കുള്ള കവാടം. ഒരു വലിയ പുഴയുടെ അത്രയും വീതിയുള്ള വമ്പന്‍ റോഡ്‌ കുറെ ഖണ്ഡങ്ങളായി തിരിച്ചിരിക്കുന്നു. വലിയ വാഹനങ്ങള്‍ നിരയായി നില്‍ക്കുന്നു. "സില്‍ക്ക് ബോര്‍ഡ്‌" എന്ന് വിളിച്ചു പറയുന്നത് കേട്ട്, ചാടിയെണീറ്റു.
ഒരു പാട് ഭാഷകള്‍ മിണ്ടുന്ന അത്ഭുത നഗരം. ഒട്ടോക്കാരെയും മറ്റു തൊഴിലാളികളെയും കണ്ടു പേടി തോന്നി. ബോര്‍ഡുകളില്‍ കണ്ട വൃത്തി കേട്ട ലിപി കണ്ടു അമ്പരന്നു നിന്നു. സമയം അതിരാവിലെ 5.30 . ഫോണെടുത്തു അയാളെ വിളിച്ചു. ഉറക്കച്ചടവിലായിരുന്ന അയാള്‍ ഒട്ടൊരു നീരസതോടെയാണ് സംസാരിച്ചത്. കൂട്ടുകാരെയൊന്നും വിളിക്കേണ്ട എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. അയാള്‍ അപ്പോള്‍ ഓഫീസില്‍ നൈറ്റ്‌ ഷിഫ്റ്റില്‍ ഇരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ നമ്പര്‍ തന്നു. അവളുടെ നിര്‍ദേശപ്രകാരം ഒരു ഓട്ടോയില്‍ കയറി. ഓട്ടോക്കാരനോട് അവളാണ് വഴി പറഞ്ഞു കൊടുത്തത്. കയ്യില്‍ രണ്ടായിരം രൂപ മാത്രം ബാക്കി. ഓട്ടോക്കാരന് 200 രൂപ വേദനയോടെ കൊടുത്തു. നേരം വെളുക്കുന്നത്‌ വരെ ഓഫീസില്‍ ഇരുന്ന ശേഷം അയാള്‍ താമസിക്കുന്ന വീട്ടിലേക്കു ചെല്ലാനായിരുന്നു നിര്‍ദേശം.

CV രാമന്‍ നഗര്‍. റോഡിന്‍റെ ഇരുവശങ്ങളിലും മരങ്ങള്‍ വെച്ച് പിടിപ്പിച്ച, ഒരു വലിയ തടാകവും അതിനോട് ചേര്‍ന്ന് ഒരു IT പാര്‍ക്കും ഉള്ള ആ സ്ഥലം ആദ്യ കാഴ്ച്ചയില്‍ ഭംഗിയുള്ളതായി തോന്നി. ഒരു കൊച്ചു റോഡിലൂടെ കുറെ നടന്നു. നിറങ്ങള്‍ പൂശിയ നിരത്തും വീടുകളും. ഫ്ലാറ്റുകളും തെരുവ് ജീവിതങ്ങളും സാധാരണക്കാരും നിറഞ്ഞു അലങ്കോലമായ ആ ഇടം വൃത്തി കെട്ടതായി തോന്നി. മനസ്സിന് സുഖം തോന്നാത്ത അവസ്ഥ. കുറച്ചു ദൂരം കൂടി മുന്‍പോട്ടു നടന്നു. പെട്ടെന്ന് ഒരാള്‍ വിളിക്കുന്ന ശബ്ദം.
തലയുയാര്‍ത്തി നോക്കി. ഒതുങ്ങിയ ഒരു ഇരുനില വീട്. അതിന്റെ ബാല്‍ക്കണിയില്‍ നില്‍ക്കുന്നു, കരിങ്കുരങ്ങിന്റെ നിറമുള്ള ഒരാള്‍.

"റിയാസ്?.. സബരിഷ്". അയാള്‍ പരിചയപ്പെടുത്തി.

ഫോണില്‍ സംസാരിക്കുമ്പോള്‍ മനസ്സില്‍ സങ്കല്പ്പിച്ച രൂപ ഭാവനകളെല്ലാം തകര്‍ന്നതോടെ ഒരു വിഷമം. അയാള്‍ ഒരു കമ്പനിയുടെ ഓണര്‍ ആണെന്നുള്ള സത്യം അന്ഗീകരിക്കാനൊരു പ്രയാസം.
വാതില്‍ തുറന്നു മുകളിലെ നിലയിലേക്ക് കയറി. മാര്‍ബിള്‍ പാകിയ നിലം. bachelors ലൈഫ്  പ്രതിഫലിച്ചു നില്‍ക്കുന്ന അലങ്കോലമായ അന്തരീക്ഷം. അയാള്‍ ചൂണ്ടിക്കാണിച്ച ഒരു റൂമിന്റെ കോണില്‍ ബാഗ് കൊണ്ട് വെച്ചു. കുറച്ചു നേരം വിശ്രമിക്കാനും ഒരു പതിനൊന്നു മണിയോടെ ഓഫീസിലേക്ക് ചെല്ലാനും നിര്‍ദേശം കിട്ടി.
കണ്ണില്‍ ക്രൂരത തുളുമ്പി നില്‍ക്കുന്ന സംസാരം. ഞാന്‍ നോക്കി. അയാളുടെ തലമുടിക്കും മുഖത്തിനും ഒരേ നിറമായിരുന്നു. മനസ്സ് നന്നായിരിക്കണേ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു.

മനസ്സ് തീരെ അസ്വസ്ഥമായിരുന്നു. കുറച്ചു നേരം ഉറങ്ങാന്‍ കഴിഞ്ഞെങ്കില്‍ എന്ന് കൊതിച്ചു പോയി. ബാഗില്‍ കരുതി വെച്ച bedsheet എടുത്തു നിലത്തു വിരിച്ചു.

മനസ്സ് കൂടുതല്‍ കലുഷമായിക്കൊണ്ടിരുന്നു. ഉറക്കം വരുന്നില്ല.

അപ്പുറത്തെ മുറിയില്‍ നിന്നും നാടന്‍ തമിഴിലുള്ള ഒഴുക്കന്‍ സംസാരം. പുറത്തു നിന്നും നഗരജീവിതത്തിന്റെ ഇരമ്പല്‍..

മനസ്സില്‍ ചിന്തകള്‍ പെരുമ്പറ കൊട്ടി. ഗതകാല സ്മരണകള്‍ കടുത്ത വേദനയായി മനസ്സിനെ വേട്ടയാടി.
കുറച്ചു നേരം ഉറങ്ങിപ്പോയെങ്കില്‍! സകല ദൈവങ്ങളെയും വിളിച്ചു പ്രാര്‍ഥിച്ചു. 
തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കം വന്നില്ല.

മനസ്സ് കരയുന്നു..

ചുറ്റുപാടുമുള്ള ശബ്ദ കോലാഹലങ്ങള്‍ ചെവിയില്‍ കുത്തിക്കയറി. ശ്വാസം മുട്ടുന്ന അവസ്ഥ.
എന്താണ് ചെയ്യേണ്ടത്? മറ്റൊന്നും വേണ്ട, പെട്ടെന്ന് തന്നെ ഈ വൃത്തികെട്ട അന്തരീക്ഷത്തില്‍ നിന്നു രക്ഷപെട്ടാല്‍ മതിയെന്നായി.

ഇന്ന് എന്റെ പ്രമാണപത്രങ്ങളെല്ലാം അയാള്‍ക്ക്‌ സമര്‍പ്പിക്കുന്നതോടെ എല്ലാം അവസാനിച്ചു. പിന്നെ ഒരു വര്ഷം ഈ മാര്‍ബിള്‍ തുറുങ്കില്‍. ഞാന്‍ മൊബൈല്‍ കയ്യിലെടുത്തു. കൊച്ചിയിലെ എന്റെ പഴയ കമ്പനിയിലെ ടീം ലീഡര്‍ -നെ വിളിച്ചു നിലവിളിച്ചു. സകല ദൈവങ്ങളെയും വിളിച്ചു കരഞ്ഞ നിമിഷം.
ഒരവസരം കൂടി തരു, എനിക്ക് തിരിച്ചു പോകാന്‍. വഴി മാറി പകച്ചു നില്‍ക്കുകയാണ് ഞാന്‍, ജീവിതത്തിന്റെ ഒറ്റയടിപ്പാതയിലെവിടെയോ.
എന്റെ പ്രാര്‍ത്ഥന ഒരു ദൈവവും കേട്ടില്ല. ആരും കണ്ടതായി നടിച്ചില്ല.

ആ ദിവസം അവസാനിച്ചു.


മുറിവ്ണക്കുന്ന മഹാ മാന്തികന്‍, സമയം. അത് കുതിച്ചു പാഞ്ഞു, എനിക്ക് വേണ്ടി. ടിപ്പ്സാന്ദ്ര തെരുവും  cv രാമന്‍ നഗറും എന്റെ ജീവിതത്തിന്റെ ഭാഗമായി മാറി.
സായാഹ്ന സൂര്യന്റെ സ്വര്‍ണ കിരണങ്ങള്‍ വീണ്ടും എന്റെ മനസ്സിനെ തൊട്ടു തലോടി.
മനുഷ്യ മനസ്സെന്ന അത്ഭുത യന്ത്രം..
ഇന്ന് ടിപ്പ്സാന്ദ്ര യുടെ നിറവും മണവും ആരവങ്ങളും നനുത്ത ഓര്‍മകളായി മനസ്സിനെ തഴുകുന്നു, ബാല്യത്തിലെവിടെയോ അനുഭവിച്ചു മറന്ന ഇലഞ്ഞിപ്പൂക്കളുടെ ഗന്ധം  പോലെ.