2011 ഡിസംബർ 5, തിങ്കളാഴ്‌ച

എന്റെ ജീവിതം - അനുഭവങ്ങള്‍ അഥവാ പാളിച്ചകള്‍.

  യാത്രകള്‍.. ദൂരം ഒരു പാടില്ലെങ്കിലും മനസ്സ് ഒരു പാട് സഞ്ചരിക്കാറുണ്ട്‌. തൊട്ടു മുന്നില്‍ ജീവിതങ്ങള്‍ പുറകോട്ടു പായുമ്പോള്‍ മനസ്സ് മുന്നോട്ടു കുതിക്കും. അസ്തമയ സൂര്യന്റെ ശോഭയില്‍ ചുവന്നു നില്‍ക്കുന്ന നെല്‍പാടവും വൃക്ഷങ്ങളും കണ്ണിനു അമൃതാവും. വിദൂരമായ ഏതോ യൂറോപ്യന്‍  സ്വപ്നങ്ങളുടെ ആലസ്യത്തില്‍ മുഴുകി അങ്ങനെയിരിക്കും. ട്രെയിനിന്റെ ജാലകത്തിലൂടെ ഒരു പാട് ദൂരേക്ക്‌ കണ്ണും നട്ട് മനോരജ്യങ്ങളിലൂടെ.. അതാണ്‌ യാത്രകള്‍. അങ്ങനെയാനിഷ്ടം. ഉണ്ടായതെല്ലാം മൂന്നു മെട്രോകളിലൂടെയുള്ള ത്രികോണ പരിക്രമണമായിരുന്നു. അതിനാല്‍ ദക്ഷിണേന്ത്യയുടെ സ്വഭാവ, ഗുണ, വിശേഷങ്ങള്‍ മുഴുവനായും അറിയാന്‍ സാധിച്ചിട്ടില്ല.

ഓരോ കാലഘട്ടത്തിലും ഓരോ ജീവിതങ്ങള്‍. ഓരോ പശ്ചാത്തലങ്ങള്‍. എല്ലാം പിന്നീട് ഓര്‍മകളുടെ പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിയപ്പെടും. വേദനിപ്പിച്ച ഭൂതകാലം പിന്നീട് മനസ്സില്‍ പുഞ്ചിരി നല്‍ക്കുന്ന നനുത്ത ഓര്‍മകളായി ഉയിര്ത്തെഴുന്നെല്‍ക്കുന്നു. 2010 മെയ്‌ -ല്‍ തോളില്‍ ഒരൂക്കന്‍ ബാഗുമായി കൊച്ചിയോടു വിട പറഞ്ഞിറങ്ങുമ്പോള്‍ ഹൃദയം പറിച്ചെടുക്കുന്ന വേദനയായിരുന്നു. അസ്തമയ സൂര്യനെ കാണാത്ത, ഏതോ രാജ്യത്തിലേക്കുള്ള യാത്ര.

  കൊയിമ്പത്തൂര്‍ - ബാംഗ്ലൂര്‍ NH ലൂടെ അതി വേഗത്തില്‍ ചീറിപ്പായുന്ന വാഹനങ്ങള്‍. മയക്കത്തില്‍  നിന്നുണര്‍ന്ന ഏതോ നിമിഷം, സൂചിമുന പോലെ തണുത്ത കാറ്റ്  മുഖത്തേക്കടിച്ചു. തണുപ്പ് നിറഞ്ഞ മറ്റേതോ ഒരു ജീവിതധ്യായത്തിന്റെ തുടക്കം അങ്ങനെ. നേരം വെളുത്തപ്പോള്‍ കണ്ട കാഴ്ചകള്‍ വിസ്മയിപ്പിക്കുന്നതായിരുന്നു. മഹാ നഗരത്തിലേക്കുള്ള കവാടം. ഒരു വലിയ പുഴയുടെ അത്രയും വീതിയുള്ള വമ്പന്‍ റോഡ്‌ കുറെ ഖണ്ഡങ്ങളായി തിരിച്ചിരിക്കുന്നു. വലിയ വാഹനങ്ങള്‍ നിരയായി നില്‍ക്കുന്നു. "സില്‍ക്ക് ബോര്‍ഡ്‌" എന്ന് വിളിച്ചു പറയുന്നത് കേട്ട്, ചാടിയെണീറ്റു.
ഒരു പാട് ഭാഷകള്‍ മിണ്ടുന്ന അത്ഭുത നഗരം. ഒട്ടോക്കാരെയും മറ്റു തൊഴിലാളികളെയും കണ്ടു പേടി തോന്നി. ബോര്‍ഡുകളില്‍ കണ്ട വൃത്തി കേട്ട ലിപി കണ്ടു അമ്പരന്നു നിന്നു. സമയം അതിരാവിലെ 5.30 . ഫോണെടുത്തു അയാളെ വിളിച്ചു. ഉറക്കച്ചടവിലായിരുന്ന അയാള്‍ ഒട്ടൊരു നീരസതോടെയാണ് സംസാരിച്ചത്. കൂട്ടുകാരെയൊന്നും വിളിക്കേണ്ട എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. അയാള്‍ അപ്പോള്‍ ഓഫീസില്‍ നൈറ്റ്‌ ഷിഫ്റ്റില്‍ ഇരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ നമ്പര്‍ തന്നു. അവളുടെ നിര്‍ദേശപ്രകാരം ഒരു ഓട്ടോയില്‍ കയറി. ഓട്ടോക്കാരനോട് അവളാണ് വഴി പറഞ്ഞു കൊടുത്തത്. കയ്യില്‍ രണ്ടായിരം രൂപ മാത്രം ബാക്കി. ഓട്ടോക്കാരന് 200 രൂപ വേദനയോടെ കൊടുത്തു. നേരം വെളുക്കുന്നത്‌ വരെ ഓഫീസില്‍ ഇരുന്ന ശേഷം അയാള്‍ താമസിക്കുന്ന വീട്ടിലേക്കു ചെല്ലാനായിരുന്നു നിര്‍ദേശം.

CV രാമന്‍ നഗര്‍. റോഡിന്‍റെ ഇരുവശങ്ങളിലും മരങ്ങള്‍ വെച്ച് പിടിപ്പിച്ച, ഒരു വലിയ തടാകവും അതിനോട് ചേര്‍ന്ന് ഒരു IT പാര്‍ക്കും ഉള്ള ആ സ്ഥലം ആദ്യ കാഴ്ച്ചയില്‍ ഭംഗിയുള്ളതായി തോന്നി. ഒരു കൊച്ചു റോഡിലൂടെ കുറെ നടന്നു. നിറങ്ങള്‍ പൂശിയ നിരത്തും വീടുകളും. ഫ്ലാറ്റുകളും തെരുവ് ജീവിതങ്ങളും സാധാരണക്കാരും നിറഞ്ഞു അലങ്കോലമായ ആ ഇടം വൃത്തി കെട്ടതായി തോന്നി. മനസ്സിന് സുഖം തോന്നാത്ത അവസ്ഥ. കുറച്ചു ദൂരം കൂടി മുന്‍പോട്ടു നടന്നു. പെട്ടെന്ന് ഒരാള്‍ വിളിക്കുന്ന ശബ്ദം.
തലയുയാര്‍ത്തി നോക്കി. ഒതുങ്ങിയ ഒരു ഇരുനില വീട്. അതിന്റെ ബാല്‍ക്കണിയില്‍ നില്‍ക്കുന്നു, കരിങ്കുരങ്ങിന്റെ നിറമുള്ള ഒരാള്‍.

"റിയാസ്?.. സബരിഷ്". അയാള്‍ പരിചയപ്പെടുത്തി.

ഫോണില്‍ സംസാരിക്കുമ്പോള്‍ മനസ്സില്‍ സങ്കല്പ്പിച്ച രൂപ ഭാവനകളെല്ലാം തകര്‍ന്നതോടെ ഒരു വിഷമം. അയാള്‍ ഒരു കമ്പനിയുടെ ഓണര്‍ ആണെന്നുള്ള സത്യം അന്ഗീകരിക്കാനൊരു പ്രയാസം.
വാതില്‍ തുറന്നു മുകളിലെ നിലയിലേക്ക് കയറി. മാര്‍ബിള്‍ പാകിയ നിലം. bachelors ലൈഫ്  പ്രതിഫലിച്ചു നില്‍ക്കുന്ന അലങ്കോലമായ അന്തരീക്ഷം. അയാള്‍ ചൂണ്ടിക്കാണിച്ച ഒരു റൂമിന്റെ കോണില്‍ ബാഗ് കൊണ്ട് വെച്ചു. കുറച്ചു നേരം വിശ്രമിക്കാനും ഒരു പതിനൊന്നു മണിയോടെ ഓഫീസിലേക്ക് ചെല്ലാനും നിര്‍ദേശം കിട്ടി.
കണ്ണില്‍ ക്രൂരത തുളുമ്പി നില്‍ക്കുന്ന സംസാരം. ഞാന്‍ നോക്കി. അയാളുടെ തലമുടിക്കും മുഖത്തിനും ഒരേ നിറമായിരുന്നു. മനസ്സ് നന്നായിരിക്കണേ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു.

മനസ്സ് തീരെ അസ്വസ്ഥമായിരുന്നു. കുറച്ചു നേരം ഉറങ്ങാന്‍ കഴിഞ്ഞെങ്കില്‍ എന്ന് കൊതിച്ചു പോയി. ബാഗില്‍ കരുതി വെച്ച bedsheet എടുത്തു നിലത്തു വിരിച്ചു.

മനസ്സ് കൂടുതല്‍ കലുഷമായിക്കൊണ്ടിരുന്നു. ഉറക്കം വരുന്നില്ല.

അപ്പുറത്തെ മുറിയില്‍ നിന്നും നാടന്‍ തമിഴിലുള്ള ഒഴുക്കന്‍ സംസാരം. പുറത്തു നിന്നും നഗരജീവിതത്തിന്റെ ഇരമ്പല്‍..

മനസ്സില്‍ ചിന്തകള്‍ പെരുമ്പറ കൊട്ടി. ഗതകാല സ്മരണകള്‍ കടുത്ത വേദനയായി മനസ്സിനെ വേട്ടയാടി.
കുറച്ചു നേരം ഉറങ്ങിപ്പോയെങ്കില്‍! സകല ദൈവങ്ങളെയും വിളിച്ചു പ്രാര്‍ഥിച്ചു. 
തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കം വന്നില്ല.

മനസ്സ് കരയുന്നു..

ചുറ്റുപാടുമുള്ള ശബ്ദ കോലാഹലങ്ങള്‍ ചെവിയില്‍ കുത്തിക്കയറി. ശ്വാസം മുട്ടുന്ന അവസ്ഥ.
എന്താണ് ചെയ്യേണ്ടത്? മറ്റൊന്നും വേണ്ട, പെട്ടെന്ന് തന്നെ ഈ വൃത്തികെട്ട അന്തരീക്ഷത്തില്‍ നിന്നു രക്ഷപെട്ടാല്‍ മതിയെന്നായി.

ഇന്ന് എന്റെ പ്രമാണപത്രങ്ങളെല്ലാം അയാള്‍ക്ക്‌ സമര്‍പ്പിക്കുന്നതോടെ എല്ലാം അവസാനിച്ചു. പിന്നെ ഒരു വര്ഷം ഈ മാര്‍ബിള്‍ തുറുങ്കില്‍. ഞാന്‍ മൊബൈല്‍ കയ്യിലെടുത്തു. കൊച്ചിയിലെ എന്റെ പഴയ കമ്പനിയിലെ ടീം ലീഡര്‍ -നെ വിളിച്ചു നിലവിളിച്ചു. സകല ദൈവങ്ങളെയും വിളിച്ചു കരഞ്ഞ നിമിഷം.
ഒരവസരം കൂടി തരു, എനിക്ക് തിരിച്ചു പോകാന്‍. വഴി മാറി പകച്ചു നില്‍ക്കുകയാണ് ഞാന്‍, ജീവിതത്തിന്റെ ഒറ്റയടിപ്പാതയിലെവിടെയോ.
എന്റെ പ്രാര്‍ത്ഥന ഒരു ദൈവവും കേട്ടില്ല. ആരും കണ്ടതായി നടിച്ചില്ല.

ആ ദിവസം അവസാനിച്ചു.


മുറിവ്ണക്കുന്ന മഹാ മാന്തികന്‍, സമയം. അത് കുതിച്ചു പാഞ്ഞു, എനിക്ക് വേണ്ടി. ടിപ്പ്സാന്ദ്ര തെരുവും  cv രാമന്‍ നഗറും എന്റെ ജീവിതത്തിന്റെ ഭാഗമായി മാറി.
സായാഹ്ന സൂര്യന്റെ സ്വര്‍ണ കിരണങ്ങള്‍ വീണ്ടും എന്റെ മനസ്സിനെ തൊട്ടു തലോടി.
മനുഷ്യ മനസ്സെന്ന അത്ഭുത യന്ത്രം..
ഇന്ന് ടിപ്പ്സാന്ദ്ര യുടെ നിറവും മണവും ആരവങ്ങളും നനുത്ത ഓര്‍മകളായി മനസ്സിനെ തഴുകുന്നു, ബാല്യത്തിലെവിടെയോ അനുഭവിച്ചു മറന്ന ഇലഞ്ഞിപ്പൂക്കളുടെ ഗന്ധം  പോലെ.

2011 ജൂലൈ 9, ശനിയാഴ്‌ച

എന്റെ പ്രിയപ്പെട്ട എഴുത്തുകാര്‍.


ജൂലൈ 5. രാത്രി 12.30 ഞാന്‍ ഉറക്കം പിടിച്ചു തുടങ്ങിയിരുന്നു.
പെട്ടെന്ന് ഫോണ്‍ ശബ്ദം, കൂട്ടുകാരനാണ്.
എനിക്കറിയാം. കാരണം മറ്റൊന്നുമല്ല. പതിവ് പോലെ അവന്‍ പുതിയൊരു പുസ്തകം വായിച്ചു. അതിന്റെ വിശേഷങ്ങള്‍ പറയണം.
പക്ഷെ ഇത്തവണ അതല്ല, അവന്‍ പറഞ്ഞു, "അളിയാ ഇന്നെന്റെ ജന്മദിനമാണ്."
"ഹെന്ത്?" എനിക്കല്‍ഭുതം. ഒരു നിര്‍വികാരതയോടെ ഞാന്‍ many many .. പറഞ്ഞു. പക്ഷെ, എനിക്കൊരു സംശയവും അത്ഭുതവും ബാക്കി.
ലോകത്തില്‍ ആദ്യമായിട്ടാ ഒരാള്‍ ഇങ്ങോട്ട് വിളിച്ചു തന്റെ ജന്മദിനം പറയുന്നത്.
ഞാന്‍ ചോദിച്ചു "അളിയാ ഇത് ഞാന്‍ കണ്ടറിഞ്ഞു അങ്ങോട്ട്‌ വിളിച്ചു ആശംസിക്കെണ്ടതല്ലേ?..
ഒരു ദീര്‍ഘ നിശ്വാസത്തോടെ അവന്‍ കാര്യം പറഞ്ഞു തുടങ്ങി. "കാര്യം അതല്ല. ഞാന്‍ ഒരു കഥ വായിച്ചു."
ഒരു കൊച്ചു ചെറുകഥയാണ്. ബഷീറിന്റെ "ജന്മദിനം"
ഒയ്യോ..! ഞാന്‍ നിലവിളിച്ചു. "നീ അതിപ്പോഴാണോ വായിക്കുന്നത്?"
"പോന്നു സുഹുര്ത്തെ, മലയാളത്തിലെ ഒരു ക്ലാസ്സിക്‌ എന്ന് വിശേഷിപ്പിക്കാവുന്ന ചെറുകഥ നീ ഇപ്പോഴാണോ വായികുന്നത്?" "നീ ലോക സാഹിത്യം വായിക്കുന്നത് നിര്‍ത്തിക്കോ", ഞാന്‍ പറഞ്ഞു.
അപ്പുറത്ത് നിന്നും ഗദ്ഗദം.
"എടാ.." വികാര നിര്‍ഭരമായ വിളി.
"എന്റെ ഇപ്പോഴത്തെ അവസ്ഥയും ഇത് തന്നെ."
"എന്ത്?, ജന്മദിനത്തിലെയോ?"
"ഹതെ, റസിഷന്‍ കാരണം ജോലി പോയി ഒരാഴ്ചയായി ഇവിടെ റൂമില്‍ ഇരിക്കുകയാ ഞാന്‍".
"എന്റെ ചങ്ങായി.." ഞാന്‍ വിളിച്ചു പോയി.

വൈകിയാണെങ്കില്‍ പോലും ഞാനും കുറച്ചു കാലം മുന്‍പാണ് ജന്മദിനം വായിച്ചത്. ഇപ്പോഴും ഞാന്‍ വീണ്ടും വീണ്ടും വായിക്കുന്ന ഒരു ചെറുകഥയാണിത്‌.
ഞാന്‍ കൂട്ടുകാരന്റെ അവസ്ഥയെക്കുറിച്ച് ചിന്തിച്ചു നോക്കി. ഒരു വര്‍ഷത്തിലെ ഏറ്റവും സന്തോഷപൂര്‍ണമാവേണ്ട ഒരു ദിവസം, ഒരു കറുത്ത അദ്ധ്യായം പോലെ കഴിഞ്ഞു പോവുമ്പോള്‍. തീര്‍ച്ചയായും അങ്ങനെ ഒരു അവസ്ഥയില്‍ മാത്രമേ കഥ പൂര്‍ണമായും ആസ്വദിക്കാന്‍ കഴിയുകയുള്ളൂ. ഞാന്‍ കരുതി. ജന്മദിനത്തിന്റെ പ്രത്യേകത അതിലെ കറുത്ത ഹാസ്യം മാത്രമല്ല. അത്ന്താനെന്നു നിര്‍വചിക്കാനും കഴിയില്ലെന്നറിയാം. ഒന്നേയുള്ളൂ, ബഷീര്‍ എന്ന അതുല്യ പ്രതിഭയുടെ കരവിരുത്.
ഞാന്‍
എന്റെ പ്രിയപ്പെട്ട എഴുതുകാരനെക്കുരിച്ചു പറയാന്‍ വേണ്ടിത്തന്നെയാണ് ഈ ഒരു സംഭവം ഓര്‍മിച്ചത്‌. ഓരോ മലയാള ഹൃദയവും ഇന്നും നെഞ്ചിലേറ്റുന്ന ആ മഹാനായ കലാകാരനെക്കുറിച്ചു ഞാന്‍ ഒന്നും പറയേണ്ട കാര്യമില്ലെങ്കില്‍ പോലും. വളര്‍ന്നു
കാടായ ഒറ്റ മരം.. എം.എന്‍ വിജയന്‍ ബഷീറിന്റെ സമ്പൂര്ണ കൃതികളുടെ അവതാരികയില്‍ അദ്ധേഹത്തെ വിശേഷിപ്പിച്ചതിങ്ങനെയാണ്. യഥാര്‍ത്ഥത്തില്‍ അത് തന്നെയാണ് അദ്ദേഹം. ഒരു നിമിഷത്തെ ഒരു കലയാക്കി മാറ്റുന്ന അത്ഭുത പ്രതിഭയായിരുന്നു ബഷീര്‍. അദ്ദേഹം ഒരു വിപ്ലവകാരിയും ഒരു കടുത്ത കാമുകനും കൂടിയായിരുന്നു. പ്രേമലേഖനം എന്ന്‍ പേരില്‍ മനോഹരമായ പ്രണയ ചിന്തകള്‍ വരച്ചു നമ്മെ പുളകം കൊള്ളിച്ച അദ്ദേഹം തന്നെയാണ് ശബ്ദങ്ങള്‍ എഴുതിയത് എന്ന സത്യം അത്ഭുതപ്പെടുത്തുന്നതാണ്. നിമിഷങ്ങളെ അക്ഷരങ്ങളാക്കി മാറ്റി അദ്ദേഹം ജനങ്ങളുടെ മനസ്സിലേക്ക് സ്വയം പരന്നൊഴുകി.


ബാല്യത്തില്‍ വായിച്ച കൃതികളും മുതിര്‍ന്നപ്പോള്‍ വായിച്ച കൃതികളും, വ്യത്യസ്ത ആസ്വാദന തലങ്ങളില്‍ പെട്ടതായിരുന്നു. പക്ഷെ ചില പ്രയോഗങ്ങളും സംഭാഷണ ശകലങ്ങളും സമയ ബന്ധിരമല്ലാതെ മനസ്സില്‍ തങ്ങി നില്‍ക്കുന്നതാണ്. ഉമ്മയുടെ കാലില്‍ കടിച്ച അട്ടയെ നോക്കി "ഇതിനും കാണും ഒരു ഉമ്മയും ബാപ്പയും", "ഹെ, അജ സുന്ദരി, പുതപ്പു മാത്രം തിന്നരുതു, അതിന്റെ കോപ്പി വേറെ ഇല്ല" തുടങ്ങിയ നര്‍മ്മ ശകലങ്ങള്‍ ഇതിനു ഉദാഹരണങ്ങളാണ്. അതെ സമയം "ഇന്നലെ രാത്രി ഞങ്ങള്‍ ഒരുമിച്ചു ഒരു പാത്രത്തില്‍ നിന്നും വെള്ളം കുടിച്ചു. രാവിലെ നോക്കിയപ്പോള്‍ അവശേഷിച്ചത് ചോരയായിരുന്നു" തുടങ്ങിയ പ്രസ്താവനകളുടെ ആഴം മനസ്സിലാക്കാന്‍ പോലും കുറെ വളരാനുണ്ട്. ഞാന്‍ ഞാന്‍ തന്നെയാണ് എന്നദ്ദേഹം തന്റെ ഓരോ കൃതികളിലും മനസ്സിലാക്കിക്കൊടുത്തു. അദ്ദേഹം തന്റെ മനസ്സിലുള്ളത് കടലാസിലേക്ക് അതെ പടി പകര്‍ത്തുകയായിരുന്നു. തന്റെ മനസ്സില്‍ എന്തു തോന്നുന്നുവോ അത് എഴുതും. വായനക്കാര്‍ ഇഷ്ടപ്പെട്ടതും അത് തന്നെ. ഒരു സംസ്കൃത ശ്ലോകം എഴുതിയതിനു ശേഷം അവസാനത്തെ 'അ' - ക്ക് ശേഷം രണ്ടു പൂജ്യം ഉണ്ടോ എന്ന് സംശയം പ്രകടിപ്പിക്കുന്ന ഒരു ഘട്ടം എവിടെയോ വായിച്ചിട്ടുണ്ട്. അതിലെ ലാളിത്യവും സത്യസന്ധതയും തന്നെ ധാരാളം, അദ്ധേഹത്തെ മനസ്സിലാക്കാന്‍.

മറ്റൊരു എഴുത്തുകാരനെക്കാളും ബഷീറിനെ ജനങ്ങള്‍ മനസ്സില്‍ കൊണ്ട് നടക്കുന്നു. കാരണം അദ്ദേഹം ഒരു കലാകാരനെക്കാളുപരി ഒരു മനുഷ്യ സ്നേഹിയും സുഹൃത്തും ഒക്കെയായിരുന്നു. ബഷീറിന്റെ ചരമ വാര്‍ത്ത കേള്‍ക്കാനിടയായ പ്രഭാതത്തില്‍ തന്റെയും ഭാര്യയുടെയും അനുഭവങ്ങള്‍ പെരുമ്പടവം തന്റെ ഒരു ലേഖനത്തില്‍ വിവരിച്ചത് വായിച്ചാല്‍ മനസ്സിലാകും മറ്റു കലാകാരന്മാരും സുഹൃത്തുക്കളും ഈ മനുഷ്യനോടു കാണിക്കുന്ന സ്നേഹത്തിന്റെയും ആദരവിന്റെയും അളവ്. കാല്‍പനിക ലോകത്ത് ജീവിക്കുന്നവരുടെ മാനസിക മതിഭ്രമങ്ങള്‍ അദ്ദേഹത്തിനും ഉണ്ടായിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. എണ്ണമറ്റ സുഹൃത്തുക്കള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ബഷീറിനെ സ്മരിക്കുന്ന സദസ്സുകളിലൊക്കെ എത്തിച്ചേരാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. കാരശ്ശേരി, അഴീക്കോട് തുടങ്ങിയ അദ്ധേഹത്തിന്റെ സുഹൃത്തുക്കളുടെ പ്രഭാഷണം കേള്‍ക്കാന്‍ വേണ്ടി. ബഷീറിന്റെ ശൈലി പിന്തുടരാന്‍ പലരും ശ്രമിച്ചിട്ടുണ്ടെങ്കില്‍ പോലും ഈ അനുകരണം അസാധ്യമായിതന്നെ ഇപ്പോഴും നില്‍ക്കുന്നു. 'പാത്തുമ്മ' യില്‍ നിന്നും ശബ്ദങ്ങളിലെക്കുള്ള വൈവിധ്യം തന്നെ ഞാന്‍ മുന്പ് പറഞ്ഞ പോലെ അത്ഭുതപ്പെടുത്തുന്നതാണ്.

പ്രതീക്ഷകളില്ലാത്ത സ്വന്തം ജീവിതത്തിനോട് കാണിച്ച ഒരു പ്രതിഷേധമായിരുന്നോ ജയിലില്‍ നിന്നും പുറത്തിറങ്ങിയ ബഷീര്‍ പുറം ലോകത്തെ ഒരു ജയില്‍ ആയി സങ്കല്‍പ്പിച്ചത്‌?. എന്തായാലും, ജീവിതത്തില്‍ നഷ്ടങ്ങള്‍ മാത്രം സംഭവിച്ചവര്‍, ഏകാന്തത അനുഭവിക്കുന്നവര്‍ എല്ലാം മതിലുകളെ വാരിപ്പുണര്‍ന്നു. അവര്‍ മതിലുകള്‍ക്കുള്ളില്‍ ജീവിക്കാന്‍ ശ്രമിച്ചു. എന്നെ സംബന്ധിച്ചിടത്തോളം എന്റെ മനസ്സിനെ ഏറ്റവും ആഴത്തില്‍ സ്പര്‍ശിച്ച ഒരു നോവല്‍ ബാല്യകാലസഖിയാണ്. കുറെ കാലം എന്റെ മനസ്സിനെ അലട്ടുന്ന ഒരു മുറിവായി മാറിയിരുന്നു ആ അപൂര്‍വ പ്രണയ കാവ്യം. സുന്നത് ചെയ്യുന്ന അനുഭവം "തുടകള്‍ ചേരുന്ന ഇടത്ത് ഉണങ്ങിയ പാള മുറിക്കുന്ന പോലെ ഒരു വേദന" എന്ന പ്രയോഗത്തില്‍ വര്‍ണ്ണിച്ചത് അത് അനുഭവിച്ചര്‍ക്ക് ഒരു നൊമ്പരം പോലെയാണ്. ബാല്യകാലസഖി പക്ഷെ ഒരിക്കല്‍ക്കൂടി വായിക്കാനുള്ള ധൈര്യം എനിക്കുണ്ടായില്ല.

പന്ത്രണ്ടാമത്തെ വയസ്സില്‍ വീട് വിട്ടു ഓടിപ്പോയി. സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയായി. ഒരു പാട് കാലം അലഞ്ഞു നടന്നു. ഒരു പാട് ജോലികള്‍ ചെയ്തു. സൂഫിയായി, സന്യാസിയായി. ഒരു കാര്യം സത്യമാണ്. ഒരിക്കല്‍ ഈ മനുഷ്യനെ കുറിച്ച് അറിഞ്ഞു കഴിഞ്ഞാല്‍ ഒരു പാട് ആഴത്തില്‍ പഠിക്കാന്‍ തോന്നും ആ ജീവിതം. ആയുഷ്കാലം മുഴുവനും ഒരു അത്ഭുത കഥ പോലെ തീര്‍ത്ത അദ്ധേഹത്തിന്റെ ജീവിതം അസൂയാവഹമായ ഒരു വിജയമായിരുന്നു. മലയാളിയുടെ മനസ്സില്‍ ഒരു ആരാധന മൂര്‍ത്തിയായി എന്നും അദ്ദേഹം ഉണ്ടാവും.

2010 ഓഗസ്റ്റ് 29, ഞായറാഴ്‌ച

എന്റെ ജീവിതം - അനുഭവങ്ങള്‍ അഥവാ പാളിച്ചകള്‍...(എന്റെ ബാല്യം-1)

ഞാന്‍ അന്നും ഇന്നും കാല്‍പനിക ലോകത്ത് ജീവിക്കുന്ന/ജീവിക്കാനാഗ്രഹിക്കുന്ന ഒരു മനുഷ്യനാണ്. അത് കൊണ്ടായിരിക്കാം, ഏതൊരു ഘട്ടത്തിലും തിരിഞ്ഞു നോക്കുമ്പോള്‍ മാത്രമേ എനിക്ക് ജീവിതത്തിന്റെ സൌന്ദര്യം കാണുവാന്‍ സാധിച്ചിട്ടുള്ളൂ. ഈയൊരു നിമിഷത്തില്‍ പോലും, ഞാന്‍ തിരിച്ചു പോവാനാഗ്രഹിക്കുന്നു. എന്നെ ഞാന്‍ കാണുവാനാഗ്രഹിക്കുന്നത്, എന്റെ പഴയ വീടിന്റെ അടുക്കളയില്‍ തല ഒരു വശത്തേക്ക് ചരിച്ചു പിടിച്ചു, കെടാന്‍ പോകുന്ന അടുപ്പിലേക്ക് അസഹ്യതയോടെ ഊതിക്കൊണ്ടിരിക്കുന്ന ഉമ്മയുടെ ചാര നിറമുള്ള മാക്സിയുടെ അറ്റത് പിടിച്ചു വലിച്ചു "വിശക്കുന്നു" എന്ന് മുകളിലേക്ക് നോക്കി വിതുമ്പുന്ന മൂന്നോ നാലോ വയസ്സുള്ള കുഞ്ഞായിട്ടാണ്. അവനെ എനിക്ക് കാണാം. അടുക്കളയുടെ രണ്ടു ചുവരുകളില്‍ പകുതിക്ക് മുകളിലായി, കവുങ്ങിന്‍ ചീന്തുകള്‍ വിലങ്ങനെ പാകിയത്‌, കരി പുരണ്ടു ഇരുണ്ട് പഴകിക്കിടന്നു. അവയില്‍ ചുവരില്‍ നിന്നുള്ള ചിലന്തിവലകള്‍ പുകയേറ്റു കരിഞ്ഞു വീണു തൂങ്ങിക്കിടക്കുന്നു. ഉമ്മ ചിലപ്പോള്‍ അമ്മിയില്‍ തേങ്ങ അരച്ചുകൊണ്ടിരിക്കുകയാവും. അല്ലെങ്കില്‍ ചിരവ നിലത്തു വെച്ച് അതിന്റെ പലകയില്‍ കയറിയിരുന്നു തേങ്ങ ചിരണ്ടുകയാവും. അപ്പോള്‍ ഞാന്‍ ഓടി ഇപ്പോള്‍ പിറകില്‍ പലകയില്‍ കയറിയിരിക്കും. അതെനിക്കിഷ്ടമായിരുന്നു. അല്ലെങ്കില്‍ ചിലപ്പോള്‍ പാത്രത്തില്‍ കയ്യിട്ടു തേങ്ങ എടുത്തു തിന്നാന്‍ ശ്രമിക്കും. അപ്പോള്‍ ചിലപ്പോള്‍ ഉമ്മ ദേഷ്യത്തോടെ കയ്യില്‍ പിടിക്കും.

തട്ടിന് മുകളിലെ അത്ഭുത ലോകം.
കുഞ്ഞു പുല്‍നാമ്പുകള്‍ വളര്‍ന്ന വീതിയുള്ള ഒരു മുറ്റം ഉണ്ടായിരുന്നു പഴയ ആ വലിയ വീടിനു. കോലായില്‍ ഇടതു വശത്തായി ഒരു വലിയ തിണ്ണയുണ്ട്. അതില്‍ എപ്പോഴും നല്ല തണുപ്പായിരിക്കും. അത് കൊണ്ട് അതിനു മുകളില്‍ കയറിക്കിടക്കാന്‍ നല്ല സുഖമാണ്. കോലായില്‍ നിന്നും അകത്തേക്ക് കയറാന്‍ ഒരു ഭീമന്‍ വാതിലുണ്ട്. അത് തള്ളി തുറക്കുമ്പോള്‍തന്നെ വലിയ ശബ്ദമായിരിക്കും. ഉള്ളിലേക്ക് കയറിയാല്‍ വെളിച്ചം തീരെ കയറാത്ത ഒരു അന്തരീക്ഷമാണ്. അത് കഴിഞ്ഞു ഒരു വലിയ നടുവകതെക്ക് കയറാം. അതിന്റെ വലതു വശത്തായി ഒരു ഒരു മൂലയില്‍ മുകളിലേക്ക് കയറാനുള്ള കോണി. വീണ്ടും ഒരു വലിയ വാതില്‍. ഈ വാതിലുകള്‍ ഇന്ന് കാനുന്നവയെപ്പോലെ അല്ല. വണ്ണമുള്ള രണ്ടു പൊളി ആണ്. സാക്ഷയും അരമയും ഒക്കെ ഉണ്ടാവും. പിന്നെ വാതിലിന്റെ മുകളില്‍ ചെറിയ സാധനങ്ങള്‍ സൂക്ഷിക്കാന്‍ പാകത്തില്‍ ഒരു കൊച്ചു അറയും ഉണ്ടാവും. ഈ വാതില്‍ കഴിഞ്ഞു ഒരു വലിയ താഴ്ചയാണ് (കുഞ്ഞായത് കൊണ്ടാവാം എനിക്കിതൊരു വലിയ താഴ്ച ആയത്).ഇറങ്ങിയാല്‍ വീതി കുറഞ്ഞ നീളമുള്ള മറ്റൊരു അകം. ഇത് അടുക്കളയോട് ചേര്‍ന്നാണ്. അവിടെ ഒരു വശത്ത് ഒരു മരത്തിന്റെ സോഫ ഉണ്ട്. വീട്ടില്‍ ടീവി കൊണ്ട് വന്നപ്പോള്‍ വെച്ചത് ഈ റൂമിന്റെ ഒരു അറ്റത്താണ്.

വീടിന്റെ രണ്ടാമത്തെ നില താമസിക്കാനുള്ളതല്ല. അട്ടം എന്ന് പറയും. അഴയ ആക്രി സാധനങ്ങള്‍ നിറച്ചു വെച്ചിട്ടുണ്ട്. അത്ര മാത്രം. മുകളിലേക്ക് കയറാനുള്ള കോണി എനിക്കെന്നും ദുരൂഹതയുടെ ഒരു മേഖലയായിരുന്നു. കോണിക്ക് മുകളിലുള്ള രാജ്യം എനിക്ക് ഒരു അത്ഭുത ലോകമായി.ആകാംക്ഷയും പേടിയും ചേര്‍ന്ന ഇടംകണ്ണ് നോട്ടങ്ങളിലൂടെ ഞാനത് വീക്ഷിച്ചു പോന്നു. ഇതിനു കാരണമുണ്ട്. മുകളിലേക്ക് കയറാനുള്ള അനുവാദം കാരണ വിശദീകരണങ്ങളില്ലാതെ നിഷേധിക്കപ്പെട്ടതായിരുന്നു. വിലക്കപ്പെട്ട കോണി കയറാനുള്ള ഉദ്യമങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വേണ്ടി കുറെ കാരണങ്ങള്‍ കൂടി എന്റെ തലയില്‍ കുത്തി നിറച്ചു.. അതില്‍ പ്രേതം, ഭൂതം, ചെകുത്താന്‍ എന്നീ കഥാപാത്രങ്ങള്‍ കൂടി ഇടം നേടി. ഇങ്ങനെയൊക്കെ ആണെങ്കില്‍ കൂടി ഉമ്മ മുകളില്‍ കയറിപ്പോകുന്ന സമയത്ത് കൂടെ കയറിപ്പോകാന്‍ എനിക്ക് അനുവാദമുണ്ടായിരുന്നു. ഉമ്മയുടെ കൈ മുറിക്കെ പിടിച്ചു വളരെ പേടിയോടെ പതുങ്ങി പതുങ്ങി ഞാന്‍ അങ്ങനെ നടക്കും. അങ്ങനെ ആകാംക്ഷ അടക്കി വെക്കാന്‍ കഴിയാതെ, ആരും വീട്ടില്‍ ഇല്ലാത്ത ഒരു ദിവസം ഞാന്‍ എന്റെ ഉദ്യമം നടപ്പിലാക്കി. മരത്തിന്റെ പടികള്‍ കയറുമ്പോള്‍ ഒരു വലിയ ശബ്ദമാണ്. പടികള്‍ കഴിഞ്ഞു തട്ടിന് മുകളിലേക്ക് കയറുന്നിടത്ത് ഒരു വാതിലുണ്ടോ? ഞാന്‍ ഓര്‍ക്കുന്നില്ല. അവസാനത്തെ പടിക്ക് മുകളിലൂടെ പതുക്കെ എത്തി നോക്കി. ഇരുണ്ട അന്തരീക്ഷത്തില്‍ ചെറിയ സുഷിരങ്ങളിലൂടെ വെളിച്ചം അകത്തു കടക്കുന്നുണ്ട്. ആ വിളറിയ വെളിച്ചത്തില്‍ മച്ചില്‍ നിന്നു തൂങ്ങിക്കിടക്കുന്ന ചിലന്തി വലകളും അകത്തെ പൊടിപടലങ്ങളും പാതി തെളിഞ്ഞു നിന്നു. ആകെ ഒരു ഭീതിയുണര്‍ത്തുന്ന അന്തരീക്ഷം. ഞാന്‍ പടി കയറി മുകളിലെത്തിയെങ്കിലും, എനിക്ക് ചെകുത്താനെ പേടിയില്ല എന്ന് വിശ്വസിക്കരുത്. എന്റെ കുഞ്ഞു കാല്‍മുട്ടുകള്‍ വിറക്കുന്നുണ്ടായിരുന്നു. ഇറങ്ങിപ്പോരന്‍ തോന്നി. പക്ഷെ രണ്ടും കല്‍പ്പിച്ചു അതിനു മുകളിലേക്ക് കയറി. നിലത്തു നിറയെ പൊടിയായിരുന്നു. മച്ചിന്റെ ഒരു വശത്ത് ഭയപ്പെടുത്തുന്ന ഇരുട്ടാണ്‌. മറ്റൊരു വശത്ത് ഓടു പൊട്ടി വെളിച്ചം ഉള്ളിലേക്ക് കയറുന്നുണ്ട്. ആ ഭാഗം ലക്ഷ്യമാക്കി പതുക്കെ കാലടികള്‍ മുന്നോട്ടു വെച്ചു. ഒരു നിമിഷം.. അതാ അവന്‍! ചെകുത്താന്‍!.. അവന്റെ ശരീരം പാതിയെ ഉള്ളു. അവന്‍ ഒരു കഴുക്കൊലിന്റെ മുകളില്‍ തൂങ്ങിക്കിടന്നു എന്നെ നോക്കി ദ്രംഷ്ട്രകള്‍ കാട്ടിചിരിക്കുന്നു. ആറു വയസ്സുകാരന്റെ നെഞ്ചില്‍ കൊള്ളിയാന്‍ മിന്നി. കാലുകള്‍ നിലത്തു ഉറച്ചു പോയ പോലെ. ശരീരം വിയര്‍ക്കുന്നു. റബ്ബേ എന്റെ കാര്യം തീര്‍ന്നത് തന്നെ. ഒന്ന് രണ്ടു നിമിഷങ്ങള്‍ കടന്നു പോയി. ഒന്ന് കൂടി നോക്കി. ഇല്ല അത് അനങ്ങുന്നില്ല. ഇനി അതൊരു പഴയ കുപ്പായം തൂങ്ങിക്കിടക്കുന്നതാണോ? അല്ല.. പക്ഷെ ആണോ? ഓ അതെ അതൊരു പഴയ കുപ്പായം തന്നെ. സന്തോഷമായി. എന്തായാലും ഇനിയും ഇവിടെ തങ്ങി നില്‍ക്കുന്നത് ശരിയല്ല, ഞാന്‍ കരുതി. പിന്തിരിയാനൊരുങ്ങി. പെട്ടെന്നൊരു ശബ്ദം.ഒരു ചിറകടി ശബ്ദം. ഒരു അനക്കവും. ഞാന്‍ തിരിഞ്ഞു നോക്കാന്‍ നില്‍ക്കാതെ ശരം വിട്ടത് പോലെ ഓടി. ഓടിയോടി മുറ്റത്തിറങ്ങി വെളിച്ചം കണ്ടതിനു ശേഷമേ നിന്നുള്ളൂ.

അങ്ങനെ തട്ടിന് മുകളില്‍ കയറാനുള്ള ഒരു വലിയ അഭിലാഷം ഞാന്‍ അന്ന് പൂര്‍ത്തിയാക്കി.