ഇപ്പോള്‍ സമയം 2.40AM. പാതിരാത്രിക്ക് ഉറക്കത്തില്‍ ഞെട്ടിയെണീറ്റു വാക്കസര്‍ത്തു നടത്തുകയാണെന്ന് വിചാരിക്കരുത്.. കാരണം ഉറക്കം ധ്യാനിച്ച് കുറെ നേരം കിടന്നു. നോ രക്ഷ.. അവസാനം കംബ്യുട്ടറിനെ പ്രാപിച്ചു. കൊതുകിന്റെ ആക്രമണവും നന്നായി ഉണ്ട്. ഇവിടെ ഞാന്‍ ഉദേശിക്കുന്നത് മറ്റൊന്നുമല്ല,
ക്യാമറക്കണ്ണുകള്‍ എന്റെ ജീവിതത്തിന്റെ നേരെ തിരിയുന്നതിന് മുന്‍പ് മറ്റൊരു "intro" കൂടി. അത്ര മാത്രം.
ഈ കാലഘട്ടങ്ങളില്‍ ഞാന്‍ ജീവിക്കുന്നത് എറണാകുളം പട്ടണത്തിന്റെ കിഴക്ക് ഭാഗത്തായി ഇന്‍ഫോപാര്‍ക്ക്-ന്റെ തൊട്ടടുത്ത് ഒരു വീട്ടിലാണ്. അടുത്തായി ഒരു റബ്ബര്‍ എസ്റ്റേറ്റ് ഉണ്ട്. പണം കായ്ക്കുന്ന ബൂര്‍ഷ്വാ മരം ആണെങ്കിലും പറയാമല്ലോ, അതിനൊരു വല്ലാത്ത ഭംഗിയുണ്ട്. സദാ തണല്‍ മൂടിയ അന്തരീക്ഷം. റബ്ബര്‍ മരങ്ങള്‍ക്കിടയിലൂടെ കാണുന്ന ആകാശത്തിനു വല്ലാത്ത വശ്യത.. കടല്‍തീരം പോലെതന്നെ കാല്പനികത മുറ്റി നില്‍ക്കുന്നയിടം.
ഈ കാല്പനികതയുടെ കാര്യം പറഞ്ഞപ്പോഴാണ് എനിക്കൊരു കാര്യം ഓര്മ വരുന്നത്. അധികം വൈകാതെ തന്നെ എന്റെ ആദ്യത്തെ ഹൃസ്വ ചിത്രം അതായത് shortfilm പുറത്തിറങ്ങും.. പേര് ചൂതാട്ടം.. :). പേടിക്കേണ്ട, മോഷണം ഒന്നും അല്ല. എന്റെ മനതാരില്‍ വിരിഞ്ഞ കാല്‍പനിക പുഷ്പം തന്നെ. ക്ഷമിക്കണം, ചിത്രത്തിന്റെ ഇതിവൃത്തം ഇവിടെ വ്യക്തമാക്കാന്‍ മനസ്സില്ല. :-)
എന്റെ ഈ സംസാരം കേള്‍ക്കുമ്പോള്‍ എന്നെ അറിയുന്നവര്‍ ചിരിക്കും, കാരണം ഈ ബഡായി അവര്‍ ഒരു പാട് കേട്ടിരിക്കുന്നു. പക്ഷെ ഇത്തവണ ഞാനിത് ചെയ്തത് തന്നെ. കാരണം ഇപ്പോള്‍തന്നെ ആവശ്യത്തില്‍ കൂടുതല്‍ കഥാ തന്തുക്കള്‍ എന്റെ മനസ്സില്‍ ഉണ്ട്. എല്ലാം കെട്ടഴിച്ചു വിടാന്‍ സമയമായി. സംശയിക്കേണ്ട, എല്ലാം റെഡിയാണ് , ഇനി ഒരു ക്യാമറ മാത്രം മതി.
സത്യത്തില്‍ ഞാന്‍ ആരാകാന്‍ ആഗ്രഹിച്ചു?. ചലച്ചിത്ര സംവിധായകനോ, നടനോ? ഗായകനോ? എഴുത്തുകാരനോ? അതോ അധ്യാപകനോ?. ഞാന്‍ ഒന്നുമല്ലെന്നുള്ള സത്യം ബാക്കി നില്‍ക്കുന്നു. ഒന്നുമാവാനുള്ള കഴിവെനിക്കില്ല എന്നുള്ള യാഥാര്‍ത്ഥ്യം, സത്യം പറയട്ടെ, എന്നെ ചൊടിപ്പിക്കുന്നു. മറ്റുള്ളവര്‍ക്ക് ഒരു പക്ഷെ അത്ഭുതം തോന്നത്തക്ക വിധത്തില്‍ ഞാന്‍ പൊങ്ങച്ചം പറയാറുണ്ട്. എന്നെ മനസ്സിലാക്കാത്തവരോട്, "വിശ്വസിക്കു സുഹൃത്തുക്കളെ ഞാന്‍ വെറുതെ നിങ്ങളെ ശുണ്ടി പിടിപ്പിക്കാന്‍ വേണ്ടി ചെയ്യുന്നതാണ്". ഒരു പക്ഷെ ഞാനില്ലാത്ത ഏതെങ്കിലും ഭാവിയില്‍ നിങ്ങള്‍ ഇത് വായിക്കാനിട വരുകയാണെങ്കില്‍ അങ്ങനെയെങ്കിലും ഈ പാവം കൂട്ടുകാരനോടുള്ള മനോഭാവം കുറച്ചെങ്കിലും മാറാനിട വരട്ടെ.
നമുക്ക് തിരിച്ചു വരാം. കഴിഞ്ഞ ആഴ്ച കൂട്ടുകാരുടെ കൂടെ വൈപ്പിന്‍ ബീച്ചില്‍ പോയിരുന്നു. വിശാലമായ കടല്‍തീരം. കൂട്ടുകാര്‍ ഇറങ്ങി കുളിച്ചെങ്കിലും ഞാന്‍ ആ മണല്‍ത്തിട്ടയില്‍ ഇരുന്നതെയുള്ളൂ. തണുത്ത കടല്‍ക്കാറ്റില്‍ ദൂരെ അസ്തമയ സൂര്യന്റെ അരുണ ശോഭ നോക്കി കുറെ നേരം ഇരുന്നു.
കുസൃതിയോടെ പാഞ്ഞടുക്കുന്ന തിരകള്‍. തിര തഴുകുന്നയിടം കഴുകി മിനുക്കിയത് പോലെ തിളങ്ങുന്നു. പ്രകൃതി അതിന്‍റെയവസാനം വരെ അങ്ങനെ കഴുകി സൂക്ഷിക്കും ഈ അറ്റമില്ലാത്ത മണല്‍പ്പരപ്പ്. ഇതേ പോലെ ഒരു മനുഷ്യ മനസ്സുണ്ടാവുമോ? എന്നും കളങ്കരഹിതമാക്കപ്പെടുന്ന..
അഭ്രപാളികളില്‍ കടല്‍തീരം മലയാളിയെ എത്ര കൂടെ നടത്തിയിട്ടുണ്ട്?. എനിക്കാദ്യം ഓര്‍മ വരുന്നത് അമരത്തിലെ അഴകേ നിന്‍.. എന്ന് തുടങ്ങുന്ന ഗാനരംഗമാണ്?.
ഞാന്‍ എന്റെ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ.... കുട്ടിക്കാലത്ത് എന്റെ ആഗ്രഹം ഒരു സിനിമ താരം ആവാനായിരുന്നു. ഒരു പതിനേഴു വയസ്സ് വരെ ആ ആഗ്രഹം മനസ്സില്‍ അല തല്ലിക്കൊന്ടെയിരുന്നു. സ്വന്തം ആരോഗ്യ, സൗന്ദര്യ പരിതസ്ഥിതിയെക്കുരിച്ചു വ്യക്തമായ ബോധം വന്നപ്പോള്‍ ആ ആഗ്രഹം ഊര്‍ന്നു വീണുടഞ്ഞു പോയി. ഒരു ഓട്ടോറിക്ഷ സ്വന്തമാക്കാന്‍ കുഞ്ഞിലെ ഒരു മോഹം ഉണ്ടായിരുന്നു. പിന്നീട് ഒന്‍പതു പത്ത് ക്ലാസ്സുകളില്‍ പഠിക്കുമ്പോള്‍ അധ്യാപകനാവാന്‍ മനസ്സ് വല്ലാതെ കൊതിച്ചു.
പഠിക്കാന്‍ വളരെ മോശമായിരുന്നു ഞാന്‍.ഇംഗ്ലീഷ് എനിക്കൊരു പേടിസ്വപ്നം തന്നെയായിരുന്നു. പലപ്പോഴും ഇംഗ്ലീഷ് ഭാഷയെ മനസ്സ് കൊണ്ട് ശപിച്ചു കൊന്നിട്ടുണ്ട്. പഠിക്കാന്‍ മോശമായ സ്ഥിതിക്ക് മറ്റേതെങ്കിലും രംഗങ്ങളില്‍ ഞാന്‍ ശോഭിച്ചോ?. അതും ഇല്ല. സത്യം പറഞ്ഞാല്‍ എന്റെ അഭിരുചികളും ഭാവിയും ഇതു വരെയും ഞാന്‍ കണ്ടെത്തിയിട്ടില്ല എന്നതാണ് സത്യം..