2010 ജനുവരി 23, ശനിയാഴ്‌ച

ഒരു ദിവസം..

സുഹൃത്തുക്കളെ, ഞാന്‍ എന്റെ ജീവിതാനുഭവങ്ങള്‍ നിങ്ങളുടെ മുന്‍പില്‍ കാഴ്ച വെയ്ക്കുന്നതിന് മുന്‍പ് ഞാന്‍ ആരാണെന്നു പറയട്ടെ.. എന്‍റെ പേര്.... പേരിലെന്തിരിക്കുന്നു?. ഞാന്‍ കോഴിക്കോട്, കാരന്തൂര്‍ എന്ന് പറയുന്ന ഒരു കൊച്ചു ഗ്രാമത്തില്‍ നിന്നും വരുന്നു..

പക്ഷെ, ഇപ്പോള്‍ ഞാന്‍ നില്‍ക്കുന്നത്, അറബിക്കടലിന്റെ രാജ്ഞിയുടെ മടിത്തട്ടിലാണ്..

ഇന്ന് ഡിസംബര്‍ 31.... ഞാന്‍ ഫോര്‍ട്ട്‌ കൊച്ചി കടല്‍തീരത്ത്, അങ്ങകലെ ചക്രവാളത്തിലേക്ക് കണ്ണും നട്ട് അങ്ങനെ നില്‍ക്കുന്നു. ലോകം മുഴുവനും പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിന്റെ സന്തോഷത്തിമിര്‍പ്പിലാണ്. തൊട്ടടുത്ത്‌ കൂട്ടുകാരന്‍ തന്റെ പല പോസിലുള്ള ഫോട്ടോകള്‍ എടുത്തു സന്തോഷിക്കുകയാണ്. തിരിഞ്ഞും മറിഞ്ഞും, കൂളിംഗ്‌ ഗ്ലാസ്‌ വെച്ചും വെക്കാതെയും....കുറച്ചു ദൂരെ ഒരു വിദേശി സഖാവ് തന്റെ പ്രണയിനിയെ ചുംബിക്കുന്നു.. എന്‍റെ തൊട്ടടുത്ത്‌ ഒരു മദാമ്മപ്പെങ്കുട്ടി തനിച്ചു വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുന്നു.. അവള്‍ പനയോല കൊണ്ട് മെനഞ്ഞ ഒരു തൊപ്പി വെച്ചിട്ടുണ്ടായിരുന്നു.. അവള്‍ അല്ഭുതലോകത്തിലെ ആലീസിനെപ്പോലെയോ അനാഥ സുന്ദരി സിണ്ട്രെല്ലയെപ്പോലെയോ വസ്ത്രം ധരിച്ചിരുന്നു... മാഞ്ഞു തുടങ്ങുന്ന സൂര്യബിംബം പോലെ അവളുടെ കവിളുകളും അരുണ ശോഭയാര്‍ന്നതായിരുന്നു. കുറെ നേരം ഞാന്‍ ആ പെണ്‍കുട്ടിയെ ശ്രദ്ധിച്ചിരുന്നു... അവളുടെ മുഖം ഒരു പാട് കഥകള്‍ പറയുന്നുണ്ടായിരുന്നു.. ഏതോ ഹോളിവുഡ് ചിത്രങ്ങളിലെവിടെയോ ഞാന്‍ തിരഞ്ഞു നടന്നു.. സൂര്യന്‍ മുഴുവനും മാഞ്ഞു.. തെരുവിന്റെ കണ്ണുകള്‍ ചിമ്മിചിമ്മി മിന്നിത്തുടങ്ങി... സുഹൃത്ത്‌ തന്റെ 'വൈല്‍ഡ്‌ ഫോട്ടോഗ്രഫി' കഴിഞ്ഞു തിരിച്ചു വന്നു... ഞാന്‍ നോക്കിയപ്പോള്‍ ആ പെണ്‍കുട്ടി, തന്റെ കണ്ണുകളില്‍ തിളങ്ങി നിന്നിരുന്ന ഓര്‍മ്മകളും കിനാവുകളും ആ പാറക്കല്ലുകള്‍ക്കിടയില്‍ എവിടെയോ ഉപേക്ഷിച്ചു കൊച്ചിയുടെ ജീവിതതിരക്കുകളിലെവിടെയോ മറഞ്ഞു....

ഈ ഒരു ദിവസം ഞാന്‍ ഓര്‍ക്കാന്‍ കാരണമുണ്ട്.. 2009ന്റെ അവാസനടിവസം എന്ന നിലയ്ക്കല്ല.. 2010nte ഒരു തുടക്കം എന്ന നിലയില്‍.. ആ ഒരു സായാഹ്നം, ആ സമയത്ത് എന്‍റെ മനസ്സിലൂടെ ഒരു പാട് കാര്യങ്ങള്‍ മിന്നി മറഞ്ഞു പോയി.. കോഴിക്കോട് PVS ഹോസ്പിറ്റലില്‍ ജനിച്ചത് മുതല്‍ ഈ നിമിഷം നിമിഷം വരെയുള്ള എന്‍റെ ജീവിതയാത്രയില്‍ എനിക്കുണ്ടായ അനുഭവങ്ങള്‍... ഒരുപാട്...പറയാനുന്ടെനിക്ക് കാര്യങ്ങള്‍, പേനയും കടലാസും ചേരുന്നിടത്ത് ആശ്വാസം കണ്ടെത്തണം..ഞാന്‍ കരുതി...പക്ഷെ പേനയും കടലാസും എവിടുന്നു കിട്ടും?.. ഒടുവില്‍ ഞാന്‍ തീരുമാനിച്ചു, ഗൂഗിള്‍-ന്റെ വിശാലമായ ഇലക്ട്രോണിക് ഫലകങ്ങളില്‍ ഏതെങ്കിലും ഒരു കോണില്‍ കോറിയിടണം, ചില വാക്കുകള്‍....